ന്യൂഡൽഹി: മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. നിലവിൽ മരംമുറിക്കേസും ഇതെ കോടതിയിലാണ് പരിഗണിക്കുന്നത്. ചോറ്റാനിക്കര കോടതിയിൽ പരിഗണിച്ചുവരുന്ന വഞ്ചനാക്കേസ് ബത്തേരി കോടതിയിലേക്ക് മാറ്റണമെന്ന ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
മരംമുറിക്കേസിലെ നടപടികൾ പൂർത്തിയാക്കിയ ശേഷമാത്രമെ വഞ്ചനാക്കേസ് പരിഗണിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസിന്റെ വിചാരണ തടയണമെന്നാവശ്യപ്പെട്ടാണ് റോജി അഗസ്റ്റിൻ സുപ്രീംകോടതിയെ സമീപിച്ചത്. മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
രണ്ട് കേസുകളും ഒരേ കോടതിയിൽ പരിഗണിക്കണമെന്നായിരുന്നു പ്രതികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്തും അഭിഭാഷകൻ പി. വിഷ്ണുവും വാദിച്ചത്. അതേസമയം മരംമുറിക്കേസും വഞ്ചനാക്കേസും വ്യത്യസ്ത കേസുകളാണെന്നും പ്രതികൾക്കെതിരെ ആകെ 37 കേസുകളുണ്ടെന്നും സംസ്ഥാന സർക്കാർ വാദിച്ചു. രണ്ട് കേസുകളിലും തെളിവുകൾ പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ എം.ആർ. രമേഷ് ബാബുവും സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ. ജോസഫും ഹാജരായി. സുപ്രീംകോടതി ഉത്തരവോടെ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടെയും തുടർനടപടികൾ ഇനി ബത്തേരി കോടതിയുടെ പരിഗണനയിലാകും.